Jul 8, 2013

പാരീസിലെ പ്രണയപൂട്ടുകള്‍

മനോഹരമായ രാജ്യമാണ്‌ ഫ്രാന്‍സ്. ഫ്രാന്‍സ് ചുറ്റിക്കണ്ട് അവിടത്തുക്കാരുടെ വീടുകളില്‍ താമസിച്ച് ഫ്രഞ്ച് സംസ്കാരത്തെ അറിയാനും സ്ഥലങ്ങള്‍ കാണാനും ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒന്നു രണ്ട് മാസത്തെ യാത്രയാണ്‌ എന്റെ ലക്ഷ്യം എന്നതുക്കൊണ്ട്ത്തന്നെ അതിനുള്ള സാഹചര്യവും സമയവും ഇതുവരെ ലഭിച്ചിട്ടില്ല കഴിഞ്ഞ മാസം 5 ദിവസം ഫ്രാന്‍സില്‍ നടത്തിയ യാത്ര എന്റെയീ മോഹത്തെ ശക്തിപ്പെടുത്തി. ആ സമയവും സാഹചര്യവും വരാനായി കാത്തിരിക്കുന്നു. ഈ യാത്രയില്‍ ഞാന്‍ കണ്ട ഒരു കാഴ്ച്ചയാണ്‌ ഇത് - പ്രണയപ്പൂട്ടുകള്‍ .

കൈവരിയിലെ പ്രണയപ്പൂട്ടുകള്‍

 ഒരു ദിവസം പാരീസ് നഗരത്തിലൂടെയുള്ള കറക്കം കഴിഞ്ഞു രാത്രിഭക്ഷണത്തിനു സുഹൃത്തുക്കളെ കണ്ടൂമുട്ടാമെന്നു പറഞ്ഞ സ്ഥലത്തേക്ക് നടക്കുമ്പോഴാണീ പാലവും പ്രണയപൂട്ടുകളും കാണാനിടയായത്.

യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും ഈ പ്രണയപ്പൂട്ടിന്റെ കാഴ്ച്ച കാണാന്‍ കഴിയുമെങ്കിലും സെയ്‌ന്‍ നദിക്കു ചുറ്റും കെട്ടിപ്പടുത്ത ഈ നഗരത്തില്‍ അതിനു കൂടുതല്‍ പ്രാധാന്യം കാണാം. പ്രണയവും കലയും പാരീസില്‍ നിന്നു അടര്‍ത്തി മാറ്റാന്‍ പറ്റുന്നതല്ലല്ലോ. സെയ്‌ന്‍ നദിക്കു കുറുകെ ഏതാണ്ട് മുപ്പതഞ്ചോളം പാലങ്ങള്‍ പാരീസ് നഗരത്തിലുണ്ട്. അതില്‍ തന്നെ രണ്ട് പാലങ്ങള്‍ പ്രധാന പ്രണയപാലങ്ങളായി മാറിയതായി കാണാം - Pont des Arts -ഉം Pont de l'Archevêché-ഉം.


ഇവിടത്തെ പ്രണയിതാക്കള്‍ തങ്ങളുടെ പ്രണയം നിത്യമായി നിലകൊള്ളാന്‍ ഒരുപൂട്ടു വാങ്ങി പാലത്തിന്റെ കൈവരിയില്‍ ഇതുപോലെ പൂട്ടിയിട്ടു അതിന്റെ താക്കോല്‍ സെയ്‌ന്‍ നദിയിലേക്ക് വലിച്ചെറിയും . ആ താക്കോല്‍ കൊണ്ട് ആ പൂട്ട് തുറക്കുന്നതുവരെ തങ്ങളുടെ ബന്ധവും നിലനില്‍ക്കുമെന്നത്രെ വിശ്വാസം. താക്കോള്‍ കണ്ട് പിടിക്കുകയെന്നത് തികച്ചും അസാദ്ധ്യവുമാണല്ലോ.


ഈയൊരു വിശ്വാസത്തിനു പിന്നില്‍ പ്രത്യേകിച്ചൊരു കഥയോ ചരിത്രമോ ഇല്ല. പലസ്ഥലത്തും പല കഥകളാണ്‌ പ്രചാരത്തിലുള്ളത്. അല്ലെങ്കിലും വിശ്വാസം - അതല്ലേ എല്ലാം ?

പ്രണയപൂട്ടുകളും അതിലെ എഴുത്തും നോക്കി നില്‍ക്കുമ്പോള്‍ നവദമ്പതിമാര്‍ അവിടെയെത്തി സന്തോഷപൂര്‍വ്വം ഒരു പുതിയപൂട്ട് ആ പാലത്തില്‍ ചേര്‍ക്കുന്ന കാഴ്ച്ചയും കാണാന്‍ സാധിച്ചു. അപ്പൊ കൂടെയുള്ള സുഹൃത്ത് കളിയാക്കി പറയുകയുണ്ടായി - 'ആ താക്കോല്‍ നദിയുടെ അടിത്തട്ടിനു എത്തുന്നതിനു മുമ്പെ പിരിയാതിരുന്നാല്‍ മതിയായിരുന്നു' എന്ന്. പക്ഷെ അവരുടെ ചിരിയില്‍ പ്രതീക്ഷയും ആഹ്ലാദവും നിറഞ്ഞു നിന്നിരുന്നു..


പാലത്തിനിരുവശത്തും പൂട്ടിടുന്ന 'വിശ്വാസി'കളെ ഏതുനേരത്തും കാണാം.




ഇതെല്ലാം കണ്ടപ്പൊ ഒരു പൂട്ടു വാങ്ങി ചേര്‍ത്താലോ എന്നു ഈ പെണ്‍കൊടിയ്ക്കും തോന്നി. അത്യാവശ്യത്തില്‍ കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെയുള്ളപ്പോള്‍ വെറുതെ  മറുനാട്ടിലെ അന്ധവിശ്വാസങ്ങളും കൂടി തലയ്ക്കകത്തു കേറ്റണ്ടയെന്നു തോന്നിയതുകൊണ്ട് ചെയ്തില്ല.

സെയ്‌ന്‍ നദിക്കു കുറുകെയുള്ള പാലങ്ങളും പാരീസ് നഗരവും (ഐഫല്‍ ടവറില്‍ നിന്നെടുത്ത ചിത്രം)