മനോഹരമായ രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സ് ചുറ്റിക്കണ്ട് അവിടത്തുക്കാരുടെ വീടുകളില്‍ താമസിച്ച് ഫ്രഞ്ച് സംസ്കാരത്തെ അറിയാനും സ്ഥലങ്ങള്‍ കാണാനും ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒന്നു രണ്ട് മാസത്തെ യാത്രയാണ് എന്റെ ലക്ഷ്യം എന്നതുക്കൊണ്ട്ത്തന്നെ അതിനുള്ള സാഹചര്യവും സമയവും ഇതുവരെ ലഭിച്ചിട്ടില്ല കഴിഞ്ഞ മാസം 5 ദിവസം ഫ്രാന്‍സില്‍ നടത്തിയ യാത്ര എന്റെയീ മോഹത്തെ ശക്തിപ്പെടുത്തി. ആ സമയവും സാഹചര്യവും വരാനായി കാത്തിരിക്കുന്നു. ഈ യാത്രയില്‍ ഞാന്‍ കണ്ട ഒരു കാഴ്ച്ചയാണ് ഇത് - പ്രണയപ്പൂട്ടുകള്‍ .
കൈവരിയിലെ പ്രണയപ്പൂട്ടുകള്‍
ഒരു ദിവസം പാരീസ് നഗരത്തിലൂടെയുള്ള കറക്കം കഴിഞ്ഞു രാത്രിഭക്ഷണത്തിനു സുഹൃത്തുക്കളെ കണ്ടൂമുട്ടാമെന്നു പറഞ്ഞ സ്ഥലത്തേക്ക് നടക്കുമ്പോഴാണീ പാലവും പ്രണയപൂട്ടുകളും കാണാനിടയായത്.
യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും ഈ പ്രണയപ്പൂട്ടിന്റെ കാഴ്ച്ച കാണാന്‍ കഴിയുമെങ്കിലും സെയ്ന് നദിക്കു ചുറ്റും കെട്ടിപ്പടുത്ത ഈ നഗരത്തില്‍ അതിനു കൂടുതല്‍ പ്രാധാന്യം കാണാം. പ്രണയവും കലയും പാരീസില്‍ നിന്നു അടര്‍ത്തി മാറ്റാന്‍ പറ്റുന്നതല്ലല്ലോ. സെയ്ന് നദിക്കു കുറുകെ ഏതാണ്ട് മുപ്പതഞ്ചോളം പാലങ്ങള്‍ പാരീസ് നഗരത്തിലുണ്ട്. അതില്‍ തന്നെ രണ്ട് പാലങ്ങള്‍ പ്രധാന പ്രണയപാലങ്ങളായി മാറിയതായി കാണാം - Pont des Arts -ഉം Pont de l'Archevêché-ഉം.
ഇവിടത്തെ പ്രണയിതാക്കള്‍ തങ്ങളുടെ പ്രണയം നിത്യമായി നിലകൊള്ളാന്‍ ഒരുപൂട്ടു വാങ്ങി പാലത്തിന്റെ കൈവരിയില്‍ ഇതുപോലെ പൂട്ടിയിട്ടു അതിന്റെ താക്കോല്‍ സെയ്ന് നദിയിലേക്ക് വലിച്ചെറിയും . ആ താക്കോല്‍ കൊണ്ട് ആ പൂട്ട് തുറക്കുന്നതുവരെ തങ്ങളുടെ ബന്ധവും നിലനില്‍ക്കുമെന്നത്രെ വിശ്വാസം. താക്കോള്‍ കണ്ട് പിടിക്കുകയെന്നത് തികച്ചും അസാദ്ധ്യവുമാണല്ലോ.
ഈയൊരു വിശ്വാസത്തിനു പിന്നില്‍ പ്രത്യേകിച്ചൊരു കഥയോ ചരിത്രമോ ഇല്ല. പലസ്ഥലത്തും പല കഥകളാണ് പ്രചാരത്തിലുള്ളത്. അല്ലെങ്കിലും വിശ്വാസം - അതല്ലേ എല്ലാം ?
പ്രണയപൂട്ടുകളും അതിലെ എഴുത്തും നോക്കി നില്ക്കുമ്പോള് നവദമ്പതിമാര്‍ അവിടെയെത്തി സന്തോഷപൂര്‍വ്വം ഒരു പുതിയപൂട്ട് ആ പാലത്തില്‍ ചേര്‍ക്കുന്ന കാഴ്ച്ചയും കാണാന്‍ സാധിച്ചു. അപ്പൊ കൂടെയുള്ള സുഹൃത്ത് കളിയാക്കി പറയുകയുണ്ടായി - 'ആ താക്കോല്‍ നദിയുടെ അടിത്തട്ടിനു എത്തുന്നതിനു മുമ്പെ പിരിയാതിരുന്നാല്‍ മതിയായിരുന്നു' എന്ന്. പക്ഷെ അവരുടെ ചിരിയില്‍ പ്രതീക്ഷയും ആഹ്ലാദവും നിറഞ്ഞു നിന്നിരുന്നു..
പാലത്തിനിരുവശത്തും പൂട്ടിടുന്ന 'വിശ്വാസി'കളെ ഏതുനേരത്തും കാണാം.
ഇതെല്ലാം കണ്ടപ്പൊ ഒരു പൂട്ടു വാങ്ങി ചേര്‍ത്താലോ എന്നു ഈ പെണ്കൊടിയ്ക്കും തോന്നി. അത്യാവശ്യത്തില്‍ കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ നമ്മുടെ നാട്ടില്ത്തന്നെയുള്ളപ്പോള് വെറുതെ മറുനാട്ടിലെ അന്ധവിശ്വാസങ്ങളും കൂടി തലയ്ക്കകത്തു കേറ്റണ്ടയെന്നു തോന്നിയതുകൊണ്ട് ചെയ്തില്ല.
സെയ്ന് നദിക്കു കുറുകെയുള്ള പാലങ്ങളും പാരീസ് നഗരവും (ഐഫല്‍ ടവറില്‍ നിന്നെടുത്ത ചിത്രം)